സംക്ഷിപ്ത ചരിത്രം


പട്ടം താണുപിള്ള കേരള മുഖ്യമന്ത്രിയായിരുന്ന 1961-ലാണ് അന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലായി മലയാളം എന്‍സൈക്ലോപീഡിയ വകുപ്പ് നിലവില്‍ വന്നത്. ആ വര്‍ഷം തന്നെ പ്രഥമ ചീഫ് എഡിറ്ററായി പ്രൊഫ. എന്‍. ഗോപാലപിള്ള നിയമിക്കപ്പെട്ടു. സര്‍വവിജ്ഞാനകോശം പരമ്പരയ്ക്ക് രൂപം നല്‍കിയത് ഇദ്ദേഹമാണ്.

1969-ല്‍ ഡോ. കെ.എം. ജോര്‍ജ് പുതിയ ചീഫ് എഡിറ്ററായി ചുമതലയേറ്റെടുത്ത ശേഷം സര്‍വവിജ്ഞാനകോശ വാല്യങ്ങളുടെ എണ്ണം 20 ആയി നിശ്ചയിച്ചു. 1972, 1974 വര്‍ഷങ്ങളില്‍ യഥാക്രമം സര്‍വവിജ്ഞാനകോശം 1, 2 വാല്യങ്ങള്‍ പ്രസിദ്ധീകൃതമായി.

1975-ല്‍ ഡോ. വെള്ളായണി അര്‍ജുനന്‍ ചീഫ് എഡിറ്ററായി. അടുത്തവര്‍ഷം സ്ഥാപനം ഒരു സ്വയംഭരണസ്ഥാപനമായി മാറ്റപ്പെട്ടു. കൂടുതല്‍ ചടുലതയോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റം. സ്ഥാപനത്തിന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന പേരും നല്‍കപ്പെട്ടു. ചീഫ് എഡിറ്റര്‍ തസ്തികയുടെ പേര്, ഡയറക്ടര്‍ എന്ന് പരിഷ്കരിക്കുകയും ചെയ്തു.

1987 മാര്‍ച്ച് മാസം ഇന്‍സ്റ്റിറ്റ്യൂട്ട് സാംസ്കാരിക കാര്യ വകുപ്പിനു കീഴിലായി. 1976, 1978, 1979, 1981, 1984, 1987 വര്‍ഷങ്ങളില്‍ യഥാക്രമം സര്‍വവിജ്ഞാനകോശം വാല്യം 3, 4, 5, 6, 7, 8, പ്രസിദ്ധീക‌‌ൃതമായി. 1984 ഫെബ്രുവരി 22-ന് വിശ്വസാഹിത്യവിജ്ഞാനകോശം പദ്ധതിക്ക് ആരംഭം കുറിച്ചു.

1988 ജൂലായ് മാസത്തില്‍ ഡോ. സി.ജി. രാമചന്ദ്രന്‍ നായര്‍ പുതിയ ഡയറക്ടറായി നിയമിതനായി. 1990-ല്‍ സര്‍വവിജ്ഞാനകോശത്തിന്റെ ഒമ്പതാം വാല്യം പ്രസിദ്ധീകരിച്ചു. 1992-ല്‍ പ്രൊഫ. എം. അച്യുതന്‍ പുതിയ ഡയറക്ടറായി നിയമിതനായി. 1994-ല്‍ വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ ആദ്യ വാല്യം പ്രസിദ്ധീകൃതമായി.

1995-ല്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഡയറക്ടറായി സര്‍വവിജ്ഞാനകോശം പത്താംവാല്യം 1995-ലും വിശ്വസാഹിത്യവിജ്ഞാനകോശം രണ്ടാം വാല്യം 1996-ലും പ്രസിദ്ധീകരിച്ചു.

1997 ഏപ്രില്‍ മാസം പ്രൊഫ. വി. അരവിന്ദാക്ഷന്‍ പുതിയ ഡയറക്ടറായി. സര്‍വവിജ്ഞാനകോശം വാല്യം 11, ഏക വാല്യ വിജ്ഞാനകോശം, പരിസ്ഥിതി വിജ്ഞാനകോശം എന്നിവ 2000-ത്തില്‍ പ്രസിദ്ധീകരിച്ചു.

2001 ആഗസ്റ്റ് മാസത്തില്‍ ഡോ. വെള്ളായണി അര്‍ജുനന്‍ വീണ്ടും ഡയറക്ടറായി നിയമിതനായി. സര്‍വവിജ്ഞാനകോശം പന്ത്രണ്ടാം വാല്യം വിശ്വസാഹിത്യവിജ്ഞാനകോശം 3, 4 വാല്യങ്ങള്‍ എന്നിവ യഥാക്രമം 2003, 2004 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു.

2004 സെപ്തബര്‍ 30-ന് ഡോ. എം.ആര്‍. തമ്പാന്‍ ഡയറക്ടറായി. സര്‍വവിജ്ഞാനകോശം വാല്യം 13, വിശ്വസാഹിത്യവിജ്ഞാനകോശം വാല്യം 5 എന്നിവ പ്രസിദ്ധീക‌‌ൃതമായി.

2006 നവംബര്‍ 26-ന് പ്രൊഫ. കെ. പാപ്പൂട്ടി പുതിയ ഡയറക്ടറായി ചുമതലയേറ്റു. സര്‍വവിജ്ഞാനകോശം 14, 15 വാല്യങ്ങള്‍, വിശ്വസാഹിത്യവിജ്ഞാനകോശം 6, 7 വാല്യങ്ങള്‍, ഏക വാല്യ വിജ്ഞാനകോശങ്ങളായ ജ്യോതിശ്ശാത്ര വിജ്ഞാനകോശം, പരിണാമ വിജ്ഞാനകോശം, വാര്‍ഷിക വിജ്ഞാനകോശം എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് - യഥാക്രമം 2008, 2010, 2009, 2010, 2011, 2011, 2011 - പ്രസിദ്ധീകരിക്കപ്പെട്ടു. സര്‍വവിജ്ഞാനകോശം 1, 2, 3, 6 വാല്യങ്ങളുടെ പരിഷ്കരിച്ച പതിപ്പുകൾ ഇദ്ദേഹത്തിന്റെ ഭരണകാലത്തു തന്നെ - യഥാക്രമം 2007, 2009, 2011, 201 - പ്രസിദ്ധീകൃതമായി. സര്‍വവിജ്ഞാനകോശത്തിന്റെ വെബ് പതിപ്പ് 2008 ജൂണില്‍ പബ്ലിക് ഡൊമൈനില്‍ ക്രമീകരിക്കപ്പെട്ടു. സര്‍വവിജ്ഞാനകോശം 1, 2, 12, 13, 14, 15 വാല്യങ്ങളുടെ ഉള്ളടക്കം പ്രസ്തുത വെബ് എഡിഷനിലൂടെ ലഭ്യമാണ്. ഇന്റര്‍നെറ്റ് ബന്ധമുള്ള ഏതു കംപ്യൂട്ടറിലൂടെയും ഉപയോക്താവിന് വെബ് എഡിഷനിലെ വിവരം വായിച്ചു നോക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമുണ്ട്.

2011 ജൂണ്‍ 15-ന് പ്രൊഫ. തുമ്പമണ്‍ തോമസ് പുതിയ ഡയറക്ടറായി നിയമിതനായി. സര്‍വവിജ്ഞാനകോശം 7, 9, 10 വാല്യങ്ങളുടെ പരിഷ്കരിച്ച പതിപ്പുകള്‍, വിശ്വസാഹിത്യവിജ്ഞാനകോശം വാല്യങ്ങള്‍, പരിസ്ഥിതിവിജ്ഞാനകോശത്തിന്റെ പരിഷ്കരിച്ച പതിപ്പ് എന്നിവ പ്രസിദ്ധീകരിച്ചു.

സാംസ്കാരിക വകുപ്പ് ‍ഡയറക്ടറായിരുന്ന ശ്രീ. ബി. മോഹനന്‍, ശ്രീ. എം. സന്തോഷ് കുമാര്‍ എന്നിവര്‍ 2013 ഫെബ്രുവരി 08 - 2013 മാര്‍ച്ച് 31, 2013 ഏപ്രില്‍ 18 - ജൂണ്‍ 4 കാലയളവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു.

2013 ജൂണ്‍ 5-ന് ഡോ. എം.ടി. സുലേഖ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. സര്‍വവിജ്ഞാനകോശംവാല്യം 8 [പരിഷ്കരിച്ച പതിപ്പ് ] പ്രസിദ്ധീകരിച്ചു. ശ്രീ. എം. സന്തോഷ് കുമാര്‍ 2015 ജൂണ്‍ 4 -ന് താത്ക്കാലിക ഡയറക്ടറായി [ഫുള്‍ അഡിഷണല്‍ ചാര്‍ജ് ] ചുമതലയേറ്റു 2015 ജൂലൈ 08 -ന് ഡോ. എം.ടി. സുലേഖ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു .ഡോ .എം.ടി. സുലേഖ സ്ഥാനമൊഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം 2016 സെപ്തംബര്‍ 19-ന് ഡോ. എ.ആര്‍. രാജന്‍ ഡയറക്ടറുടെ പൂര്‍ണ ചുമതല ഏറ്റെടുത്തു. .

ഹോം